Monday 9 June 2014

ഒരു അന്ധവിശ്വാസി ഉണ്ടാകുന്ന വിധം

വല്യ ബുദ്ധിയുള്ളവരാണ് തങ്ങള്‍ എന്ന്‍ അഹങ്കരിക്കാന്‍ മാത്രം ബുദ്ധിയുള്ള ഒരേയൊരു ടീംസാണ് മനുഷ്യര്‍. ഇതുവരെയുള്ള ഏത് സൂപ്പര്‍ കമ്പ്യൂട്ടറിനെയും തോല്‍പ്പിക്കാന്‍ പോന്ന തലച്ചോര്‍ ഒരെണ്ണം കൈയിലുള്ളതുകൊണ്ട് ആ അഹങ്കാരത്തില്‍ കഴമ്പുണ്ട് താനും. എന്നാല്‍ ഇത്രയും ബുദ്ധിയും ചുമന്ന്‍ നടക്കുന്ന നമുക്കാകട്ടെ അന്ധവിശ്വാസങ്ങള്‍ക്ക് ഒരു കുറവും ഇല്ല. തിങ്കളാഴ്ച വ്രതമെടുത്താല്‍ പൃഥ്വിരാജിനെ പോലുള്ള ചെക്കനെ കിട്ടും, പോകുന്ന വഴിക്ക് കറുത്തപൂച്ച കുറുകെ ചാടിയാല്‍ വഴിക്ക് പണി കിട്ടും, കണാരന്‍ ജ്യോത്സ്യന്‍ ജാതകം നോക്കി പറഞ്ഞാല്‍ അച്ചട്ടാ, എന്നൊക്കെപ്പറഞ്ഞു അങ്ങ് പ്ലൂട്ടോ വരെ നീണ്ട് കിടക്കുകയാണ് അന്ധവിശ്വാസങ്ങളുടെ ലിസ്റ്റ്. അന്ധവിശ്വാസം എന്ന വാക്ക് കേള്‍ക്കുമ്പോ തന്നെ നമുക്കൊക്കെ ഭയങ്കര പുച്ഛമാണെന്നത് മറ്റൊരു തമാശയാണ്. "അയ്യേ... ഞാനങ്ങനെ അന്ധവിശ്വാസിയൊന്നുമല്ല" എന്ന്‍ പറയാത്ത ഒരു അന്ധവിശ്വാസിയേയും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല എന്നതല്ലേ സത്യം?

എന്നാല്‍ ഇവിടെ ആരും അന്ധവിശ്വാസിയായി ജനിക്കുന്നില്ല, ഈ ലോകമാണ് അവരെ അന്ധവിശ്വാസികള്‍ ആക്കുന്നത്! എങ്ങനെ? അതിന്റെ ഒരു ഏകദേശരൂപമാണ് പറഞ്ഞുവരുന്നത്.

നമുക്ക് യാതൊരു കണ്‍ട്രോളും ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള പേടിയുടെ പേരില്‍ കയറിപ്പിടിക്കാന്‍ ഒരു പിടിവള്ളിയാണ് അന്ധവിശ്വാസം. കാര്യങ്ങള്‍ Under Control ആണെന്നൊരു തോന്നല്‍ അതുണ്ടാക്കും. ("ഞാന്‍ നേര്‍ച്ചപ്പെട്ടിയില്‍ അഞ്ചുരൂപ ഇട്ടിട്ടുണ്ട്, പരീക്ഷ എളുപ്പമായിരിക്കും!", "ഞാന്‍ പരിഹാരക്രിയ ചെയ്തിട്ടുണ്ട്, അതുകൊണ്ട് ശനിദോഷം കാരണം ഞാന്‍ അപകടത്തില്‍ പെടില്ല") നമ്മളെ വല്ലാതെ കീഴ്പ്പെടുത്താന്‍ സാധ്യതയുള്ള നിസ്സഹായവസ്ഥ കുറയ്ക്കാന്‍ ആ തോന്നലിന് കഴിയും. നമുക്ക് അറിയാത്ത കാര്യങ്ങള്‍ നമ്മളെ ഉപദ്രവിക്കും എന്ന പേടി സ്വാഭാവികമായ ഒന്നാണ്. കാരണം, ഈ പേടിയ്ക്ക് ഒരു അടിത്തറയുണ്ട്. അത് മനസ്സിലാക്കാന്‍ നമുക്ക് രണ്ടു കേസുകള്‍ പരിഗണിക്കാം


1. നമുക്കറിയാത്ത വസ്തു നമുക്ക് ദോഷം വരുത്തും എന്ന്‍ നമ്മള്‍ വിശ്വസിക്കുന്നു, അതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നു- ഇവിടെ നമ്മുടെ വിശ്വാസം ശരിയാണെങ്കില്‍ നമ്മള്‍ മുന്‍കൂട്ടി സ്വീകരിച്ച വഴികള്‍ നമുക്ക് ഗുണപ്പെടും. നമ്മുടെ വിശ്വാസം തെറ്റായിരുന്നു എങ്കിലോ, പ്രത്യേകിച്ച് നഷ്ടമൊന്നും ഇല്ല.

2. നമുക്കറിയാത്ത വസ്തു നമുക്ക് ദോഷമൊന്നും വരുത്തില്ല എന്ന്‍ വിശ്വസിക്കുന്നു, പ്രത്യേകിച്ച് നടപടികളൊന്നും എടുക്കുന്നില്ല- ഇവിടെ വിശ്വാസം ശരിയാണെങ്കില്‍ പ്രത്യേകിച്ച് നഷ്ടമൊന്നും ഇല്ല. പക്ഷേ ഈ വിശ്വാസം തെറ്റാണെങ്കിലോ? അതൊരു വലിയ റിസ്ക്ക് ആണെന്ന്‍ വ്യക്തം. പണി പാളും!

ഈ രണ്ടു വിശ്വാസങ്ങള്‍ ഒന്ന്‍ താരതമ്യം ചെയ്തുനോക്കൂ. ആദ്യത്തേതാണ് സെയ്ഫ്, അല്ലേ? സ്വാഭാവികമായും നമ്മുടെ മനസ്സ് ഈ വിശ്വാസത്തിനാണ് കൂടുതല്‍ പ്രധാന്യം നല്കുക. നമുക്ക് വ്യക്തമായി അറിയാത്ത എല്ലാറ്റിനെയും മനുഷ്യന്‍ ഭയത്തോടെ കാണാന്‍ ഇതാണ് കാരണം. സൂര്യനെയും ചന്ദ്രനെയും ഒക്കെ പണ്ടുള്ളവര്‍ ദൈവമായി കണ്ട് ആരാധിച്ചത്, അന്ന് ഈ പറയുന്ന വസ്തുക്കളെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് അവരെ സോപ്പിട്ട് നിന്നാലേ അവര്‍ നമുക്ക് പണി തരാതിരിക്കൂ എന്ന വിശ്വാസം കൊണ്ടാണ്.

തീര്‍ന്നില്ല, മേല്‍പ്പറഞ്ഞതില്‍ ഒന്നാമത്തെ വിശ്വാസം എടുക്കുക. അവിടെ നിങ്ങള്‍ക്ക് അറിയാത്ത വസ്തുക്കള്‍ നിങ്ങള്‍ക്ക് വരുത്തുന്ന ദോഷത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാനുള്ള വഴികള്‍ ഒരാള്‍ പറഞ്ഞുതരാം എന്ന്‍ അവകാശപ്പെടുന്നു എന്നിരിക്കട്ടെ. ഇവിടെയുമുണ്ട് രണ്ടു കേസുകള്‍;


1. അയാള്‍ക്കതിന് കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു- ഈ വിശ്വാസം ശരിയാണെങ്കില്‍ അയാള്‍ പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുകവഴി നിങ്ങള്‍ അപകടം ഒഴിവാക്കുന്നു. മറിച്ച്, ഈ വിശ്വാസം തെറ്റെങ്കില്‍ പ്രത്യേകിച്ച് വലിയ നഷ്ടങ്ങള്‍ ഒന്നുമില്ല.

2. അയാള്‍ പറയുന്നത് തെറ്റാണെന്ന് വിശ്വസിച്ച് നിങ്ങള്‍ അയാളെ അവഗണിക്കുന്നു- ഈ വിശ്വാസം ശരിയാണെങ്കില്‍ പ്രത്യേകിച്ച് വലിയ നഷ്ടങ്ങള്‍ ഒന്നുമില്ല. മറിച്ച് തെറ്റാണെങ്കിലോ, അപകടം ഒഴിവാക്കാനുള്ള ഒരു ചാന്‍സ് നിങ്ങള്‍ കളഞ്ഞുകുളിക്കുന്നു. അപകടം അനുഭവിക്കുന്നു!!

ഇനി ആലോചിക്കൂ, ഇതില്‍ ഏതാ സെയിഫ്? പഴയപോലെ, "ഇയാളെ വിശ്വസിക്കൂ, ഇയാളെ വിശ്വസിക്കൂ!" എന്ന്‍ നിങ്ങളുടെ മനസ് മന്ത്രിക്കുന്നു.

ജ്യോത്സ്യം, ആധുനിക വാസ്തു, ഹസ്തരേഖാ ശാസ്ത്രം, ഗൌളിശാസ്ത്രം, പക്ഷിശാസ്ത്രം, മഷിനോട്ടം എന്നിങ്ങനെയുള്ള കിടുപിടി ഏര്‍പ്പാടുകാര്‍ എല്ലാം നിങ്ങളോട് പറയുന്നത് ഒരേ കാര്യമാണ്: "നിങ്ങള്‍ക്കറിയാത്ത, നിങ്ങളുടെ കണ്‍ട്രോളില്‍ അല്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വരുത്താന്‍ പോകുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതിവിധി പറഞ്ഞുതന്ന് അപകടത്തില്‍ നിന്നും ഞങ്ങള്‍ നിങ്ങളെ രക്ഷിക്കാം." ഈ ഓഫര്‍ പല വാക്കുകളില്‍, നാനാഭാഗങ്ങളില്‍ നിന്നായി -ടീ.വീ, പത്രം, മാഗസീന്‍, ഫുട്ട്പാത്ത്, ആരാധനാലയം,... - നിങ്ങള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. മേല്‍പ്പറഞ്ഞ മനശാസ്ത്രം അനുസരിച്ച് "ഇവരെ അനുസരിക്കൂ" എന്ന്‍ പറഞ്ഞ് നിങ്ങളുടെ ഭയപ്പെട്ട മനസ്സ് നിങ്ങളെ ഇതില്‍ വീഴ്ത്തുമെന്ന് ഇക്കൂട്ടര്‍ക്ക് നന്നായി അറിയാം. ഈ ഓഫറുകളില്‍ "നിങ്ങള്‍ക്കറിയാത്ത എന്തൊക്കെയോ" ആയ കാര്യങ്ങള്‍ ഓരോ കൂട്ടര്‍ക്കും ഓരോന്ന്‍ ആയിരിക്കുമെന്നേ ഉള്ളൂ. ജ്യോത്സ്യന് അത് ആകാശഗോളങ്ങളുടെ സ്വാധീനം ആണെങ്കില്‍ വാസ്തുവിദഗ്ദ്ധന് അത് ഭൂമിയുടെയും വീടിന്റെയും കിടപ്പ് ആയിരിക്കും. ഒരേ പ്രശ്നത്തിന് ഇവരില്‍ ഓരോ കൂട്ടരും വ്യത്യസ്ഥ കാരണങ്ങള്‍ കണ്ടെത്തും. നിങ്ങള്‍ക്കീ "ശാസ്ത്രങ്ങളൊന്നും" അറിയാത്തിടത്തോളം എല്ലാം നിങ്ങള്‍ക്ക് ഒന്നുതന്നെ. (എന്നെ സംബന്ധിച്ച് ഞാന്‍ അടിക്കാത്ത ബ്രാന്‍ഡുകള്‍ക്കെല്ലാം ഒരേ 'കിക്ക്' ആണെന്ന്‍ പറയുന്നപോലെ!) അറിയാത്ത കാര്യങ്ങളോടുള്ള നിങ്ങളുടെ സ്വാഭാവികഭയം അവര്‍ നന്നായി മുതലെടുക്കുന്നു.

ഇക്കൂട്ടര്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം അറിവില്ലയോ അത്രത്തോളം എളുപ്പത്തില്‍ നിങ്ങള്‍ അതില്‍ വീഴും. എന്നാല്‍പ്പിന്നെ ഇതൊക്കെ എന്താണ് എന്നറിഞ്ഞിട്ട് തീരുമാനിക്കാം എന്നങ്ങു വിചാരിച്ചാലോ? അവിടെയുമുണ്ട് കടമ്പകള്‍ ഏറെ. മനുഷ്യന്‍ തന്നെ ഉണ്ടാക്കിയ റോബോട്ടുകള്‍ ചൊവ്വാഗ്രഹത്തില്‍ ചെന്ന്‍ അവിടത്തെ മണ്ണ് ഉഴുതുമറിക്കുന്ന വാര്‍ത്ത അറിയുന്നവര്‍ തന്നെയാണ്, ചൊവ്വ ഭര്‍ത്താവിനെ കൊന്നുകളയും എന്ന്‍ പറഞ്ഞ് ഇവിടെ കുറെ പാവം പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നതും. അപ്പോ അറിയാത്തതിന്റെ കുറവല്ല. അന്ധവിശ്വാസങ്ങള്‍ക്ക് ഏറ്റവും ഫലപുഷ്ടിയുള്ള മണ്ണാണ് നമ്മുടേത്. നിങ്ങള്‍ കക്കൂസില്‍ എങ്ങോട്ട് തിരിഞ്ഞിരുന്ന് കാര്യം സാധിയ്ക്കുന്നു എന്നത് (ക്ലോസറ്റിന്റെ ദിശ) നിങ്ങളുടെ ഭാവിയെ ബാധിക്കും എന്ന്‍ പറഞ്ഞാല്‍ പോലും വിശ്വസിക്കാന്‍ തയ്യാറുള്ളവര്‍ ഉണ്ടെന്നുള്ളത് ഈയുള്ളവന്റെ നേരിട്ടുള്ള അനുഭവങ്ങളില്‍ ഒന്ന്‍ മാത്രം.

കൂട്ടത്തില്‍ ഏറ്റവും പ്രബലമായ ജ്യോത്സ്യം ഒരു ഉദാഹരണമായി എടുത്ത് നമുക്ക് ഇത്തരം അന്ധവിശ്വാസങ്ങള്‍ എങ്ങനെ ഇപ്പൊഴും നമ്മുടെയിടയില്‍ ശക്തമായി പിടിച്ച് നില്ക്കുന്നു എന്ന്‍ പരിശോധിക്കാം.

ജ്യോത്സ്യന്മാര്‍ പ്രശസ്തരാകുന്നത് പലപ്പോഴും നമ്മളെ കുറിച്ച് അവര്‍ അറിയാന്‍ സാധ്യത ഇല്ലാത്തത് എന്ന് നമ്മള്‍ കരുതുന്ന കാര്യങ്ങള്‍ അവര്‍ നമ്മളോട് പറയുമ്പോഴും, നമുക്ക് ഭാവിയില്‍ സംഭവിക്കും എന്ന് അവര്‍ പ്രവചിക്കുന്ന കാര്യങ്ങള്‍ അതുപോലെ സംഭവിക്കുമ്പോഴും ഒക്കെയാണ്. അതുകൊണ്ട് തന്നെയാണ് ജ്യോത്സ്യത്തിന്റെ ശാസ്ത്രീയ അടിത്തറയില്‍ സംശയമുള്ളവര്‍ പോലും അത് വിശ്വസിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത്. 'എന്തൊക്കെയായാലും അവര്‍ പറയുന്നതൊക്കെ സംഭവിക്കുന്നുണ്ടല്ലോ...' എന്നതാണ് മിക്കവരുടെയും ന്യായം. ഇതൊരു തോന്നല്‍ ആണ്. ജ്യോതിഷഗ്രന്ഥങ്ങള്‍ ജ്യോതിഷി ഒരു 'ഊഹാപോഹപടു' ആയിരിക്കണം എന്ന് പറയുന്നുണ്ട്. ഊഹാപോഹം എന്നാല്‍ ഇംഗ്ലീഷില്‍ Guess work. തീര്‍ച്ചയായും ഒരു നല്ല ജ്യോത്സ്യന്‍ കാര്യങ്ങള്‍ ഊഹിച്ചെടുക്കുന്നതില്‍ വിദഗ്ദ്ധനായിരിക്കും. നിരീക്ഷണപാടവവും അല്പം മനശാസ്ത്ര പരിജ്ഞാനവും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരു പ്രഗല്‍ഭനായ ജ്യോതിഷി ആകാന്‍ സാധിക്കും. മനശാസ്ത്രം ഒരു ജ്യോത്സ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ്. മകന്റെ ജാതകഫലം അറിയാന്‍ അതിയായ വ്യഗ്രത പൂണ്ട് താനുമായി ബന്ധപ്പെടുന്ന അച്ഛനോട് 'മകന് ഈയിടെയായി സമയം നല്ലതല്ല' എന്ന് ജ്യോത്സ്യന്‍ പറയുന്നത് ആകാശത്തേക്ക് നോക്കിയിട്ടല്ല, മറിച്ചു ആ അച്ഛന്റെ മനശാസ്ത്രം മനസിലാക്കിയിട്ടാണ്. സര്‍വ ഐശ്വര്യങ്ങളും വിളങ്ങി നില്‍ക്കുന്ന മകന്റെ ജാതകദോഷം അറിയാന്‍ എത്ര അച്ഛന്മാര്‍ വ്യഗ്രതപ്പെടും? മകന് ശരിക്കും 'ദോഷങ്ങള്‍' കാണുമ്പോഴാണ് അച്ഛന്‍ അവനെക്കുറിച്ചു ജ്യോത്സ്യനോട് ചോദിക്കുക. ഇത് മനസിലാക്കിയിട്ടാണ് ജ്യോത്സ്യന്‍ സംസാരിക്കുന്നത്. ഷെര്‍ലക്ക് ഹോംസ് കഥകള്‍ വായിച്ചാല്‍ നിരീക്ഷണ പാടവവും അതില്‍ നിന്നും ഊഹാപോഹം വഴി കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള കഴിവും കൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നമുക്ക് കാണാം. അടിസ്ഥാനപരമായി അത്തരം അത്ഭുതങ്ങള്‍ തന്നെയാണ് ജ്യോത്സ്യനും പ്രവര്‍ത്തിക്കുന്നത്. ഒരു മാജിക് ഷോയില്‍ എന്ന പോലെ കവിടി, ഭസ്മം തുടങ്ങിയ stage properties കൂടി ഉപയോഗിക്കുന്നു എന്ന് മാത്രം. അവയോടൊപ്പം ജ്യോത്സ്യന്റെ സ്വരത്തില്‍ പ്രതിഫലിക്കുന്ന ആത്മവിശ്വാസവും കൂടി ചേര്‍ന്നാല്‍ ഒരു വിശ്വാസിയില്‍ ജ്യോത്സ്യനിലുള്ള വിശ്വാസം വര്‍ധിക്കും. സംശയലേശമില്ലാതെ ഒരു സംസ്കൃത ശ്ലോകം ചൊല്ലിയിട്ട്‌ അതിനു ശേഷം ജ്യോത്സ്യന്‍ അതിന്റെ അര്‍ഥം എന്തെന്ന് പറയുന്നോ അതാണ്‌ വിശ്വാസിയെ സംബന്ധിച്ച് അതിന്റെ അര്‍ഥം. ഇതുവഴി ജ്യോത്സ്യന് കിട്ടുന്ന അവസരങ്ങള്‍ നിരവധിയാണ്.

ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ സത്യമാകുന്നു, തന്നെക്കുറിച്ച് ജ്യോത്സ്യന്‍ ഒരുപാട് കാര്യങ്ങള്‍ ദിവ്യദൃഷ്ടി കൊണ്ട് മനസിലാക്കുന്നു തുടങ്ങിയ തോന്നലുകള്‍ ഉണ്ടാക്കുന്നതില്‍ പ്രവര്‍ത്തിക്കുന്ന കുറെ മനശാസ്ത്ര തത്വങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഫോറര്‍ ഇഫക്റ്റ്. അമേരിക്കക്കാരനായ Bertram Forer തന്റെ വിദ്യാര്‍ഥികളില്‍ ഒരു പേഴ്സനാലിറ്റി ടെസ്റ്റ്‌ നടത്തുകയും അതിന്റെ റിസള്‍ട്ട് രഹസ്യമായി എഴുതി ഓരോരുത്തര്‍ക്കും നല്‍കുകയും ചെയ്തു. എന്നിട്ട് റിസള്‍ട്ട് എത്രത്തോളം ശരിയാണ് എന്നുപറഞ്ഞ് മാര്‍ക്കിടാന്‍ അവരോടു ആവശ്യപ്പെട്ടു. അവര്‍ നല്‍കിയ ശരാശരി മാര്‍ക്ക് 4.3/5 ആയിരുന്നു. അതായത് എല്ലാവര്‍ക്കും നല്‍കപ്പെട്ട പേഴ്സണാലിറ്റി റിപ്പോര്‍ട്ട് 85%-ത്തോളം ശരിയായിരുന്നു. എന്നാല്‍ പിന്നീട് ഫോറര്‍ ആ സത്യം വെളിപ്പെടുത്തി, അദ്ദേഹം എല്ലാവര്‍ക്കും നല്‍കിയത് ഒരേ കുറിപ്പ് ആയിരുന്നു. അതാണെങ്കിലോ, താന്‍ നടത്തിയ പേഴ്സനാലിറ്റി ടെസ്റ്റ്‌ നോക്കിയൊന്നും അല്ല മറിച്ച് ഒരു ജ്യോത്സ്യന്‍ ആര്‍ക്കോ നല്‍കിയ ഒരു ജാതകഫലം ആയിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. എല്ലാവര്‍ക്കും ഏതാണ്ട് ഒരുപോലെ ബാധകമായ പ്രസ്താവനകള്‍ ആണ് 'മനസ്സ് വായിക്കല്‍' ആയിട്ട് പ്രത്യക്ഷപ്പെടുന്നത്. അങ്ങനെയുള്ളവയെ Barnum statements എന്ന്‍ പൊതുവില്‍ വിളിക്കും. ചില ഉദാഹരണങ്ങള്‍ നോക്കൂ


  • പൊതുവേ സൌഹൃദങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും ചിലപ്പോഴൊക്കെ നിങ്ങള്‍ ഒറ്റയ്ക്കിരിക്കാന്‍ ശ്രമിക്കാറുണ്ട്

  • മറ്റുള്ളവര്‍ പറയുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുന്ന ആളല്ല നിങ്ങള്‍

  • നിങ്ങളുടെ ഏതോ ബന്ധുവുമായോ സുഹൃത്തുമായോ ഉള്ള വ്യക്തിബന്ധത്തില്‍ ഉണ്ടായ പ്രശ്നം നിങ്ങളെ അലട്ടുന്നു

  • ഒരിയ്ക്കലും സാധിക്കില്ല എന്ന്‍ നിങ്ങള്‍ക്ക് തന്നെ അറിയാവുന്ന ചില ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്കുണ്ട്

  • നിങ്ങള്‍ പലപ്പോഴും ഒരുപാട് സമയം ചെലവഴിച്ച് സ്വയം വിലയിരുത്താനും മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാനും ശ്രമിക്കും

  • എപ്പോഴും നന്‍മയുടെ ഭാഗത്ത് നില്‍ക്കാനാണ് നിങ്ങള്‍ താത്പര്യപ്പെടുന്നത് എങ്കിലും ചിലപ്പോഴൊക്കെ നിങ്ങള്‍ക്ക് സ്വന്തം മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് തിന്‍മയ്ക്ക് വേണ്ടി വാദിയ്ക്കേണ്ടി വരാറുണ്ട്

ഇപ്പറഞ്ഞതൊക്കെ ലോകത്ത് ഏതൊരു വ്യക്തി വായിച്ചാലും ഇത് തന്നെക്കുറിച്ചാണ് എന്ന്‍ തോന്നാന്‍ വളരെയധികം സാധ്യതയുള്ള കാര്യങ്ങളാണ്. ഇതാണ് ഫോറര്‍ ഇഫക്റ്റ്. പൊതുവായി എഴുതപ്പെട്ട ഒരു അപഗ്രഥനം (analysis) തന്നെക്കുറിച്ചാണ് എന്ന വിശ്വാസത്തോടെ വായിക്കുന്ന ഒരാള്‍ക്ക് അത് വളരെ ശരിയാണെന്ന് തോന്നുകയും അതിനുള്ള വ്യാഖ്യാനങ്ങള്‍ അയാള്‍ സ്വയം കണ്ടെത്തുകയും ചെയ്യും. തന്റെ വിശ്വാസങ്ങളോട് യോജിച്ചുപോകുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന്‍ ഒരാള്‍ സ്വയമറിയാതെ നടത്തുന്ന വിധിയെഴുത്തിനെ subjective validation എന്ന്‍ പറയും. ഇതിന് ബാക് സപ്പോര്‍ട്ടുമായി മറ്റൊരു മനശാസ്ത്ര പ്രത്യേകതയും ഉണ്ട്, Selectivity of memory. തന്റെ വിശ്വാസങ്ങളെ ശരിവെക്കുന്ന കാര്യങ്ങളെ കൃത്യമായി ഓര്‍ത്തിരിക്കുകയും അല്ലാത്തവ പതിയെ മറക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് അത്. (ഇതിനെ confirmation bias എന്നും വിളിക്കാറുണ്ട്) അതായത് ഒരു പ്രവചനം സത്യമായാല്‍ നാം അത് പറഞ്ഞ ജ്യോത്സ്യനെ കൃത്യമായും ഓര്‍ത്തിരിക്കും. മറിച്ച് അത് നടക്കാതിരുന്നാല്‍ നാം ജ്യോത്സ്യന്‍ അങ്ങനെ ഒന്ന് പ്രവചിച്ചതായി തന്നെ ഓര്‍ത്തെന്നു വരില്ല. ഇതിനു മറ്റൊരു ഉദാഹരണം ശകുനങ്ങളിലുള്ള വിശ്വാസമാണ്. ഒരു സ്ഥലത്തേക്ക് ഇറങ്ങുമ്പോള്‍ കരിംപൂച്ച കുറുകെ ചാടിയാല്‍ ദോഷമാണ് എന്ന് പറയാറുണ്ട്. ഒരു ദിവസം നിങ്ങള്‍ കരിമ്പൂച്ചയെ കാണുകയും അന്ന് മോശമായി എന്തെങ്കിലും സംഭവിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നിങ്ങള്‍ കരിമ്പൂച്ചയെ ആയിരിക്കും ആദ്യം ഓര്‍ക്കുക. മറിച്ച് അന്നത്തെ ദിവസം വളരെ നല്ലതായിരുന്നു എങ്കില്‍ കരിമ്പൂച്ച കുറുകെ ചാടിയതായി നിങ്ങള്‍ ഓര്‍ക്കുകയെ ഇല്ല. ഇവിടെ മറ്റൊന്ന് കൂടി പറയണം. നിങ്ങള്‍ ഒരു കടുത്ത ശകുനവിശ്വാസി ആണെന്നിരിക്കട്ടെ. കരിമ്പൂച്ചയെ കാണുമ്പോഴേ ഇന്നത്തെ ദിവസം മോശമാകും എന്ന് നിങ്ങള്‍ മനസ്സില്‍ ഉറപ്പിക്കും. തീര്‍ച്ചയായും അന്നത്തെ ദിവസം മോശമാകാന്‍ സാധ്യത വളരെ കൂടുതലാണ്, കാരണം ഉള്ളിന്റെ ഉള്ളില്‍ നിങ്ങള്‍ അസ്വസ്ഥനായിരിക്കും. നിങ്ങള്‍ക്ക് ശ്രദ്ധ കുറയും. കാര്യങ്ങള്‍ നടക്കേണ്ട പോലെ നടന്നെന്നു വരില്ല. വീഴും എന്ന് കരുതി പാലത്തില്‍ കയറിയാല്‍ നിങ്ങള്‍ വീഴാതെ തരമില്ലല്ലോ!

മറ്റൊന്നുള്ളത് ജ്യോത്സ്യപ്രവചനങ്ങള്‍ എല്ലാം തന്നെ പല രീതിയില്‍ വ്യാഖ്യാനിക്കാവുന്ന തരം തന്ത്രപരമായ ഭാഷയിലായിരിക്കും എന്നതാണ്. എന്തെങ്കിലും loop hole അതില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം ശ്രദ്ധിക്കും. "അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു അപകടം സംഭവിക്കും. അത് ഒഴിവാക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ വിഷ്ണുസഹസ്രനാമം ജപിക്കുന്നത് നന്നായിരിക്കും" എന്ന് ജ്യോത്സ്യന്‍ പ്രവചിച്ചാല്‍ ഒരു വിശ്വാസി ഒരുപക്ഷെ കുളിമുറിയില്‍ തെന്നി വീഴുന്നതുപോലും പ്രവചനത്തിന്റെ സാധൂകരണമായി കാണാന്‍ ആയിരിക്കും ശ്രമിക്കുക. ഒപ്പം 'തന്റെ വിഷ്ണുസഹസ്രനാമം ശരിയായില്ല' എന്ന രീതിയില്‍ അത് സ്വന്തം പിഴവായി കണ്ടെന്നും വരും. ഇനി ശ്രദ്ധിക്കത്തക്ക ഒരു അപകടവും സംഭവിച്ചില്ല എന്നിരിക്കട്ടെ, അപ്പോള്‍ ഒന്നുകില്‍ ജ്യോത്സ്യ പ്രവചനം അപ്പാടെ വിസ്മരിക്കപ്പെടാം. അല്ലെങ്കില്‍ വിഷ്ണുസഹസ്രനാമം എന്ന ഉപാധി ഉപദേശിച്ച ജ്യോത്സ്യന്റെ ക്രെഡിറ്റിലേക്ക് അത് പോകും. രണ്ടായാലും അദ്ദേഹം സെയ്ഫ് ആയിരിക്കും.

പലപ്പോഴും, താന്‍ പറയുന്ന കാര്യങ്ങളോട് 'customer' എങ്ങനെ പ്രതികരിക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചിട്ടാവും ജ്യോത്സ്യന്‍ അടുത്ത കാര്യം പറയുന്നത്. ഉദാഹരണം: 'ജയന്‍ എന്നോ പ്രകാശന്‍ എന്നോ രണ്ടും ചേര്‍ന്ന രീതിയില്‍ ജയപ്രകാശന്‍ എന്ന രീതിയിലോ പേരുള്ള ആരെങ്കിലും കുടുംബത്തില്‍ ഉണ്ടോ?' എന്നൊരു ജ്യോത്സ്യന്‍ ചോദിക്കുന്നു. 'ഉണ്ട്' എന്ന മറുപടി ഉടന്‍ വന്നാല്‍ അങ്ങനെ ഒരാള്‍ അടുത്ത ബന്ധത്തില്‍ ഉണ്ട് എന്ന് വ്യക്തം. മറിച്ച് അല്പം ആലോചിട്ടാണ് മറുപടി എങ്കില്‍ അധികം അടുപ്പമില്ലാത്ത ആളാണ്‌ എന്ന് മനസിലാക്കാം. രണ്ട് കേസിലും ഈ ചോദ്യത്തിന്റെ ഇംപാക്റ്റ് വിശ്വാസിയില്‍ ജ്യോത്സ്യനിലുള്ള വിശ്വാസം വല്ലാതെ കൂട്ടും എന്നത് വ്യക്തം. ഇനി അഥവാ അങ്ങനെ ഒരാള്‍ കുടുംബത്തില്‍ ഇല്ല എങ്കില്‍ ഒരു ജ്യോതിഷവിശ്വാസി അത് പറഞ്ഞു എന്ന് വരില്ല. കാരണം 'ജ്യോത്സ്യന്‍ പറയുന്ന സ്ഥിതിക്ക് ഉണ്ടാവും, കുടുംബത്തിലെ എല്ലാവരെയും തനിക്ക് അറിയില്ലല്ലോ.' എന്നാവും അയാള്‍ ചിന്തിക്കുക. മുന്നില്‍ ഇരിക്കുന്ന ആള്‍ വിശ്വാസിയാണോ അതോ തന്നെ പരീക്ഷിക്കാന്‍ വന്ന ആളാണോ എന്ന് ഉറപ്പിച്ചിട്ടേ ഇത്തരം നമ്പരുകള്‍ക്കൊക്കെ അദ്ദേഹം മുതിരൂ. ജ്യോത്സ്യത്തില്‍ വിശ്വാസമില്ലാത്ത ഒരാളെ എത്രയും പെട്ടെന്ന് ഒഴിവാക്കാനേ ജ്യോത്സ്യന്‍ ശ്രമിക്കൂ. കാരണം മേല്‍പ്പറഞ്ഞ മനശാസ്ത്രതത്വങ്ങള്‍ എല്ലാം കസ്റ്റമറുടെ "തനിക്ക് അറിയാത്ത കാര്യങ്ങളില്‍ ഈ ഇരിക്കുന്ന ജ്യോത്സ്യന് അറിവുണ്ട്" എന്ന "വിശ്വാസത്തിന്റെ" പുറത്താണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ചില്ലെ? പറഞ്ഞ ഉദാഹരണങ്ങളെല്ലാം ഇത്തിരിപ്പോന്ന ഈയുള്ളവന്റെ ലോജിക് വെച്ചു പറഞ്ഞവയാണ്. ഒരു നല്ല ജ്യോത്സ്യന്‍ ഇത് പ്രയോഗിക്കുന്നതില്‍ എന്നെക്കാളും പലമടങ്ങ്‌ മിടുക്കനായിരിക്കും എന്ന്‍ പറയേണ്ട കാര്യമില്ല. അപ്പൊ തീര്‍ച്ചയായും ഫലം "അത്ഭുതാവഹം" ആയിരിക്കും.

കൃത്യമായ ശാസ്ത്രാവബോധമാണ് ഇതിനെയൊക്കെ മറികടന്ന് ജീവിക്കാന്‍ നമുക്ക് വേണ്ടത്. അല്ലാത്ത പക്ഷം ശനിയുടെ അപഹാരം, ധനാകര്‍ഷണ ഭൈരവയന്ത്രം, കന്നിമൂലയുടെ താഴ്ച എന്നൊക്കെ പറഞ്ഞ് ചോര നീരാക്കി ഉണ്ടാക്കുന്ന ദുട്ട് കുറെ വെള്ളത്തില്‍ ഒഴുക്കിക്കളയാം. ജ്യോതീം വരില്ല തീയും വരില്ല എന്നേയുള്ളൂ.



(ഗുല്‍മോഹര്‍ വിദ്യാര്‍ത്ഥി മാഗസീനില്‍ പ്രസിദ്ധീകരിച്ചത്)

Courtesy : Vaisakhan Thampi

No comments:

Post a Comment