Monday 2 June 2014

മനുഷ്യന് ഒരു ആമുഖം- സുഭാഷ് ചന്ദ്രൻ

21, നവംബർ 1999

ഇന്നലെ ഞാൻ വീണ്ടും നിന്നെ സ്വപ്‌നം കണ്ടു. നമ്മുടെ ആദ്യരാത്രി. കട്ടിലിൽ ഇരിക്കും മുമ്പ് നീ എന്റെ കാലിൽതൊട്ടു നെറുകയിൽ വെച്ചു. ആഭാസനായ ഈ മനുഷ്യന് അതിന് ശേഷമുള്ള രംഗങ്ങൾ കാണാനായിരുന്നു കൊതി. പക്ഷെ അവിടെ വെച്ച് സ്വപ്‌നം തിരോഭവിച്ചു.

നിന്റെ നെഞ്ചിലെ അനസൂയക്കും പ്രിയംവദക്കും ഉമ്മ. വട്ടത്തിൽ വെട്ടിയ ബ്ലൗസിന്റെ പിൻഭാഗത്ത് ചെണ്ടത്തോൽ പോലെ മുറുകി നിൽക്കുന്ന മൃദുലതയിൽ, നട്ടെല്ലിന്റെ അവസാനത്തെ കശേരുവിൽ, കാൽ വിരലുകൾക്കിടയിലെ താറാവിന്റെ തുഴച്ചിൽത്തൊലിയിൽ, പിന്നെ നിന്റെ സപ്ത സുഷിരങ്ങളിലും..


പെണ്ണേ, എന്റെ ചിറകിനടിയിലേക്ക് നൂണ്ടുകയറൂ. എന്റെ തണലിലേക്ക് ചേർന്ന് നിൽക്കൂ. എന്റെ മഴ നനയൂ. ഞാനിപ്പോൾ കാമം ഉലയൂതിപ്പഴുപ്പിച്ച ഒരിരുമ്പ് വിഗ്രഹം. എന്റെയുള്ളിൽ നിനക്കായി സംഭരിക്കപ്പെട്ട വിത്തുകൾ ചുട്ട് പൊള്ളുന്നു.
അതെ, നിനക്കറിയാവുന്നതുപോലെ നക്ഷത്രങ്ങളിൽ നിന്ന് കൊളുത്തിയ ആസക്തിയുമായാണ് ഞാൻ ജീവിക്കുന്നത്. കാമത്തിന്റെ ഇടിമിന്നലേറ്റ് കത്തിപ്പിടിക്കുന്ന നിമിഷങ്ങളിൽ ഒരു പിടിയാനയെ പച്ചക്ക് തിന്നാനുള്ള വിശപ്പുമായി ഞാൻ എരിയുന്നു.
എന്നാൽ ഇതും കേൾക്കൂ, സ്‌നേഹത്തിന്റെ നിമിഷങ്ങളിൽ ഒരു പേടമാനിന്റെ ഇളം ഹൃദയം മതി എനിക്കു മൃഷ്ടാന്നമുണ്ടു നിറയാൻ.



-സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം)

1 comment: