Showing posts with label അരുന്ധതി റോയി. Show all posts
Showing posts with label അരുന്ധതി റോയി. Show all posts

Monday, 2 June 2014

അരുന്ധതി റോയി

കല്പിതകഥകളുടെ എഴുത്തുകാരി എന്ന നിലക്ക് എഴുതുന്നതിൽ കൃത്യതയും വസ്തുതാപരതയും സൂക്ഷിക്കാനുള്ള എന്റെ ശ്രമം യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇതിഹാസമാനത്തെ ഏതോ വിധത്തിൽ ലഘൂകരിക്കുന്നില്ലേയെന്ന്, ഞാൻ പലപ്പോഴും സംശയിക്കാറുണ്ട്. 

ആത്യന്തികമായി, കൂടുതൽ വലിയ ഒരു സത്യത്തെ മറച്ചുവെക്കലാണോ അത്? ഒരുപക്ഷെ, വന്യമായ ഒരു ഓരിയിടലോ അല്ലെങ്കിൽ കവിതയുടെ പരിവർത്തന ശക്തിയും യഥാർത്ഥ കൃത്യതയുമോ ആവശ്യമുള്ളപ്പോൾ, വിരസമായ വസ്തുതാകൃത്യതയിലേക്ക് ഞാൻ എന്നെത്തന്നെ നയിക്കുകയാണോ എന്ന് വ്യാകുലപ്പെടുന്നു. കൗശലം, ബ്രാഹ്മണ്യം, സങ്കീർണത, ഉദ്യോഗസ്ഥമോധാവിത്വം ഫയലുകൾ, ഉചിതമാർഗ്ഗേനയുള്ള അപേക്ഷിക്കലുകളും-എന്നിവയെല്ലാം ചേർന്ന ഇന്ത്യയിലെ ഭരണക്രമം എന്നെയും കീഴ്‌പ്പെടുത്തി എന്നിലും ഒരു ഗുമസ്തയെ സൃഷ്ടിച്ചതായി തോന്നുന്നു. 

എനിക്ക് പറയാനുള്ള ഏക ന്യായം ലോകത്തിന് പ്രിയങ്കരിയായ ഈ പുതിയ വൻശക്തിയുടെ ഹൃദയശൂന്യതക്കും ക്രൂരവും കരുതിക്കൂട്ടിയുള്ളതുമായ അക്രമങ്ങൾക്കും മറയായി നിൽക്കുന്ന കാപട്യത്തിന്റെയും ഒഴിഞ്ഞ്മാറലിന്റെയും വളഞ്ഞവഴികൾ തുറന്ന് കാണിക്കാൻ അസാധാരണ സാമഗ്രികൾ ആവശ്യമുണ്ട് എന്നതാണ്. ഉചിതമാർഗേനയുള്ള അടിച്ചമർത്തൽ ചിലപ്പോൾ  ഉചിതമാർഗേനയുള്ള പ്രതിരോധത്തെയുണ്ടാക്കുന്നു. പ്രതിരോധം തുടർന്നു കൊണ്ടിരിക്കുമ്പോൾ ഇത്തരം രചനകൾ മതിയാവില്ല എന്നെനിക്കറിയാം. പക്ഷെ ഇപ്പോൾ എന്റെ കൈവശം ഇതേയുള്ളൂ. ഒരുപക്ഷെ, എന്നെങ്കിലുമൊരിക്കൽ കവിതക്കും വന്യമായ ഒരു ഓരിയിടലിനും ഇത് അടിത്തറയാകും 


അരുന്ധതി റോയി


-