Thursday 25 February 2016

"വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെങ്കില്‍ അവര്‍ അവരുടെ നിരപരാധിത്തത്തിന് തെളിവ് നല്‍കണം" എന്ന്!
("if students are innocent, they should provide proof of their innocence")
പറയുന്നത് ഏതെങ്കിലുമൊരു സാദാ സംഘിയല്ല, ഡെല്‍ഹി പൊലീസ് കമ്മീഷണറാണ്.
നിരപരാധിത്വമല്ല ഡേഷേ തെളിയിക്കേണ്ടത്, കുറ്റമാണ്. presumption of innocence എന്നൊന്ന് ഗൂഗിള്‍ ചെയ്തുനോക്ക്. സാധനം ഇന്ത്യന്‍ നിയമത്തിന്റെ, ഇന്ത്യയെന്നല്ല ലോകത്തിലെ വെളിവുള്ള ഏത് നിയമസംവിധാനത്തിന്റെയും , അടിസ്ഥാനതത്വമാണ്. the burden of proof is on the one who declares, not on one who denies എന്നതാണ് സംഭവത്തിന്റെ ചുരുക്കം. അഥായധ് (സംഘി സ്പെല്ലിങ്ങാണ്, അതിഖരത്തിന്റെ കളിയായിരിക്കും!) കുറ്റം ആരോപിക്കുന്നവന്റെ പണിയാണ് കുറ്റം തെളിയിക്കേണ്ടത്, അല്ലാതെ ആരോപിക്കപ്പെടുന്നവന്റെയല്ല. അതൊരു അടിസ്ഥാന മനുഷ്യാവകാശമാണ്. ന്ന്വച്ചാല്‍ കന്നയ്യ കുമാര്‍ കുറ്റം ചെയ്തു എന്ന് ഡെല്‍ഹി പൊലീസിന് ആരോപണമുണ്ടെങ്കില്‍ അത് തെളിയിക്കണ്ടത് ഡെല്‍ഹി പൊലീസാണ്.
സ്റ്റുഡന്റു് പൊലീസ് കേഡറ്റുകള്‍ക്ക് വരെ അറിയുന്ന സംഗതിയറിയാതെയാണോ ഈ ക്ണാപ്പന്‍ ഡെല്‍ഹി പൊലീസിന്റെ മേധാവിയായത്?

~ദീപക് ശങ്കരനാരായണൻ

Friday 19 February 2016

ഞാന്‍ ദേശവിരുദ്ധന്‍ - രാജ്ദീപ് സര്‍ദേശായി

ഞാന്‍ ദേശവിരുദ്ധന്‍ - രാജ്ദീപ് സര്‍ദേശായി.
ഞാന്‍ ദേശവിരുദ്ധനാണ്, കാരണം ഭരണഘടനയുടെ പത്തൊമ്പതാം ആര്‍ട്ടിക്കിളില്‍ ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അഫ്സല്‍ ഗുരുവിനു അനുകൂലമായ മുദ്രാവാക്യങ്ങളോട് എനിക്ക് യോജിപ്പില്ലെങ്കിലും അവ രാജ്യദ്രോഹമാണ് എന്ന അഭിപ്രായമില്ല.
കാശ്മീരികള്‍ അടക്കം വിഭജനം ആവശ്യപ്പെടുന്ന എല്ലാവരോടും ചര്‍ച്ചകള്‍ നടത്തണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്, ഇക്കാരണം കൊണ്ടും ഞാന്‍ ദേശവിരുദ്ധനാണ്.
നിയമം ലംഘിക്കുന്നവരെയും ആക്രമണം നടത്തുന്നവരെയും നിയമപ്രകാരം നേരിടണം. പക്ഷെ വിഭിന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരെ നേരിടേണ്ടത് ചര്‍ച്ചകളിലൂടെയാണ്, രാജ്യദ്രോഹ കുറ്റം ചുമത്തിയല്ല. വിഭിന്ന അഭിപ്രായങ്ങള്‍ പുലര്‍ത്താനുള്ള അവകാശം ഇന്ത്യയുടെ ആത്മാവാണ്.
ഇക്കാര്യത്തില്‍ ഇരട്ടതാപ്പും ഒഴിവാക്കണം. അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നവര്‍ തന്നെയാണ് ഇതേ അഭിപ്രായം പുലര്‍ത്തുന്ന പീ ഡി പിയുമായി ചേര്‍ന്ന് കാശ്മീര്‍ ഭരിക്കുന്നത്‌. മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെയേ വാഴ്ത്തുന്ന ഹിന്ദുമഹാസഭയെ പറ്റിയും ബീ ജെ പി എം പി സാക്ഷി മഹാരാജിനെ പറ്റിയും ഇവരുടെ അഭിപ്രായം എന്താണ്? അവരും രാജ്യദ്രോഹികളാണോ?
ഗായത്രി മന്ത്രം കേട്ട് ഉണരുന്ന ഒരു ഹിന്ദുവാണ് ഞാന്‍, പക്ഷെ ഞാന്‍ ബീഫു കഴിക്കാനും ഇഷ്ടപ്പെടുന്നു. ഇക്കാരണം കൊണ്ടും ഞാന്‍ ദേശവിരുദ്ധനാണ്.
കുറ്റാരോപിതരെ കോടതിയില്‍ ആക്രമിക്കുന്ന വക്കീലന്മാരെ ഞാന്‍ എതിര്‍ക്കുന്നത് കൊണ്ടും ഞാന്‍ ദേശവിരുദ്ധനാണ്.
എനിക്ക് നമ്മുടെ സൈന്യത്തോട് ആദരവുണ്ട്. ഞാന്‍ വിഭിന്ന ലൈംഗികശേഷിക്കാരുടെ അവകാശങ്ങള്‍ക്ക് നിലകൊള്ളുന്നു, വധശിക്ഷക്ക് എതിരാണ്, മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ആക്രമണങ്ങളെ എതിര്‍ക്കുന്നു. ഇക്കാരണം കൊണ്ടും ഞാന്‍ ദേശവിരുദ്ധനാണ്.
പൌരനേയും നിയമവാഴ്ച്ചയെയും മറ്റെന്തിനെക്കാളും ഉയര്‍ത്തി പിടിക്കുന്ന അംബേദ്‌കര്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നത് കൊണ്ട് ഞാനൊരു ദേശവിരുദ്ധനാണ്. "ഒരു രാജ്യം, ഒരു സംസ്കാരം, ഒരു മതം" എന്ന മുദ്രാവാക്യം മുഴക്കി സാംസ്കാരിക ദേശീയത അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.
ഇവിടെ ഞാന്‍ മുഹമ്മദ്‌ അലിയെ ഓര്‍ക്കുന്നു. വെള്ളക്കാര്‍ക്ക് മാത്രം പ്രവേശനമുള്ള ഭക്ഷണശാലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ അലി തനിക്ക് ലഭിച്ച മെഡല്‍ വലിച്ചെറിഞ്ഞു. അലി ദേശവിരുദ്ധനായി മുദ്രകുത്തപ്പെട്ടു, അദ്ദേഹത്തിന്‍റെ മെഡല്‍ സര്‍ക്കാര്‍ തിരിച്ചു വാങ്ങി. അമേരിക്ക അലിയോടു പ്രായശ്ചിത്തം ചെയ്തത് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന അറ്റ്ലാണ്ട ഒളിമ്പിക്സില്‍ ദീപം തെളിയിക്കാന്‍ അലിയെ ക്ഷണിച്ചു കൊണ്ടാണു. അത് പോലെ ഒരിക്കല്‍ നിങ്ങള്‍ക്കും എന്നോട് മാപ്പ് പറയേണ്ടി വരും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഡല്‍ഹിയിലെ ജിംഖാന ക്ലബില്‍ രണ്ടു ദിവസം നടന്ന ഒരു സംഭവം കൂടെ പറയട്ടെ. അവിടെ ഞാന്‍ പറഞ്ഞു; ആക്രമണം ഇല്ലാത്തിടത്തോളം കാലം പ്രകോപിപ്പിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുന്നു. വിരമിച്ച ഒരു ആര്‍മി ഉദ്യോഗസ്ഥന്‍ എഴുനേറ്റു നിന്ന് അലറി വിളിച്ചു "തന്നെ ഇവിടെ വെച്ച് തന്നെ തീര്‍ക്കണം". സമൂഹത്തിന്റെ ഉന്നതര്‍ മാത്രം വരുന്ന ജിംഖാന ക്ലബില്‍ ഇതാണ് അവസ്ഥ എങ്കില്‍ നമ്മളെ ഭയപ്പെട്ടെ മതിയാകൂ.